Wednesday, August 10, 2011

മൂന്നാര്‍

ചരിത്രപുരാവസ്തു ഗവേഷകര്‍ 3000 കൊല്ലങ്ങള്‍ക്ക് മേല്‍ പ്രായം കണക്കാക്കിയിട്ടുള്ള പിതാ മഹാന്മാര്‍ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്രമുറങ്ങുന്ന മുനിയറകളും ഈ പ്രദേശത്തിന്റെ മാത്രം സ്വന്തം. പഞ്ചപാണ്ഡവന്‍മാരുടെ പുണ്യപാദധൂളികളാല്‍ അനുഗ്രഹീതമാണ് ഇവിടുത്തെ മിക്ക പ്രദേശങ്ങളും എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നു. കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. ഈ പ്രദേശം മുമ്പ് പൂഞ്ഞാര്‍ രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന്‍കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങള്‍, കാന്തല്ലൂര്‍, കീഴാന്തൂര്‍, കാരയൂര്‍, മറയൂര്‍, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. ഇവരുടെ പിന്‍തലമുറക്കാരാണ് ഇന്നും, ഈ പ്രദേശങ്ങളിലുള്ളത്. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് മധുരയില്‍നിന്ന് മറയൂര്‍ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു ഇവരെ മുതുവാന്‍മാര്‍ എന്നു വിളിച്ചത്. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ തനിമ പുലര്‍ത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങള്‍ ഇവിടെയുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും, മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടര്‍ച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാല്‍ ഊരുവിലക്കേര്‍പ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. കുറ്റവാളികളെ വിചാരണ നടത്തി ശിക്ഷിച്ചിരുന്ന അഞ്ചു നാടന്‍ പാറയും, പാമ്പാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പൌരാണിക ഗുഹാക്ഷേത്രമായ ഒറ്റക്കല്ലില്‍ തീര്‍ത്ത തെങ്കാശിനാഥന്‍ കോവിലും മഴക്കുവേണ്ടി മക്കള്‍ പ്രാര്‍ത്ഥിക്കുന്ന കൂടക്കാട് മലയിലെ ചന്ദ്രകുമരാണ്ടി ക്ഷേത്രവും വാവിളക്ക് മഹോത്സവവും, പാരിവേട്ട എന്നറിയപ്പെടുന്ന സമൂഹനായാട്ടും എല്ലാം അഞ്ചുനാടിന്റെ സാംസ്കാരിക ചരിത്രത്തിന് മിഴിവേകുന്നു. തികച്ചും കാര്‍ഷികാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് ഈ ഗ്രാമത്തിന്റേത്. തേയില, ഏലം, കാപ്പി എന്നിവയാണു മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കയ്യടക്കി വച്ചിരിക്കുന്നത്. ടാറ്റാ ടീ ലിമിറ്റഡ്, ഹാരിസണ്‍ മലയാളം, തലയാര്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന തേയില തോട്ടങ്ങള്‍. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, പട്ടാണി വെളുത്തുള്ളി, ബീന്‍സ് എന്നീ ശീതകാല പച്ചക്കറികള്‍ മൂന്നാര്‍പഞ്ചായത്തില്‍ നല്ലതോതില്‍ കൃഷി ചെയ്തു വരുന്നു. മൂന്നാര്‍ ടൌണില്‍ പരസ്പരം അഭിമുഖീകരിച്ചു നില്‍ക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍, മുസ്ളീം ദേവാലയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള മതസൌഹാര്‍ദ്ദത്തിന്റെ തെളിവാണ്. ഹൈറേഞ്ചിലെ ആദിവാസി ജനത ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരുന്ന മൂന്നാറിലെ കാര്‍ത്തിക മഹോത്സവത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

No comments:

Post a Comment